(അറുപതാം പിറന്നാൾ ആഘോഷിക്കുന്ന ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൻെ ഡയറക്ടർ ബഹു. ബെന്നി പീറ്റർ കപ്പൂച്ചിൻ അച്ചനെക്കുറിച്ച് നമുക്ക് പലതുമറിയാം. എന്നാൽ നാം മനസ്സിലാക്കിയതിനേക്കാൾ ഉയരങ്ങളിലാണ് അച്ചൻ. കെ.സി.ബി.സി കരിസ്മാറ്റിക്ക് നവീകരണ കമ്മീഷൻ്റെ മുഖപത്രമായ ‘ ജീവജ്വാല ‘ മാസികയിൽ എഡിറ്റോറിയൽ ബോർഡ് 2026 മാർച്ച് മാസത്തിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖം) ജീവജ്വാല മാസികയിലെ അഭിമുഖം കോവിഡ് എല്ലാ മേഖലയിലും മാനവരാശിക്ക് ആഴത്തിലുള്ള മുറിവുകൾ നൽകിയാണല്ലോ കടന്നുപോയത്. അതിൻ്റെ പ്രതിഫലനങ്ങൾ ഭൗതിക ലോകത്തു മാത്രമല്ല ആത്മീയ മേഖലയിലും ഉണ്ടായി എന്നത് സത്യമാണ്. ആത്മീയ ലോകത്തുള്ള മാന്ദ്യം ഇന്നും വിട്ടുപോയിട്ടില്ല എന്നത് സത്യമാണ്. എന്നാൽ കോവിഡു കാലത്ത് എല്ലാ സംവിധാനങ്ങളും അടഞ്ഞപ്പോഴും 24 മണിക്കൂറും സ്റ്റുഡിയോയിലിരുന്ന് ലോകമെമ്പാടും വചനപ്രഘോഷണവും പ്രത്യാശയും നൽകിയ ഇന്നു അതു തുടരുന്ന ഒരു ധീരനായ ഒരു കപ്പൂച്ചിൻ വൈദികനെയാണ് നാം ഇപ്പോൾ പരിചയപ്പെടുന്നത്. പ്രസിദ്ധമായ തൃശൂർ രൂപതയിലെ കുറുമാലിലുള്ള ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൻ്റെ ഡയറക്ടർ ഫാ.ബെന്നി പീറ്റർ OFM കപ്പൂച്ചിൻ അച്ചനെയാണ്. എങ്ങിനെയാണ് അച്ചൻ നവീകരണത്തിലേക്ക് ആകർഷിക്കപ്പെട്ടത്? എപ്പോഴാണ് അച്ചൻ നവീകരണത്തിലേക്ക് കടന്നു വന്നത്? ഞാൻ 1983 ലാണ് പത്താം ക്ലാസ് പാസായത്. ആ വർഷം തന്നെ സെമിനാരിയിൽ ചേർന്നു. ആ വർഷം തന്നെ കരിസ്മാറ്റിക് ധ്യാനം കൂടി. സെമിനാരിയിൽ പഠിക്കുമ്പോഴും ധ്യാനിപ്പിക്കുവാൻ പോകാറുണ്ടായിരുന്നു. 1996 തിരുപ്പട്ടത്തിനു ശേഷം തൃശൂർ പള്ളിയിലായിരുന്നു നിയമനം. 1998 മുതൽ ധ്യാനകേന്ദ്രത്തിൻ്റെ ഉത്തരവാദിത്വം ലഭിച്ചു. അവിടെ നിന്ന് മുഴുവൻ സമയവും ധ്യാനകേന്രങ്ങളിൽ ധ്യാനിപ്പിക്കുകയായിരുന്നു. 3 വർഷം അമേരിക്കയിൽ അമേരിക്കയിലെ ന്യൂയോർക്കിലെ പ്രസിദ്ധമായ ജെസ്യൂട്ട് Fordom സർവ്വകലാശാലയിൽ പഠിക്കുവാൻ പോയ നാളുകൾ ഒഴികെ. ധ്യാനിപ്പിക്കുവാനുള്ള കൂടുതൽ കൃപ ലഭിച്ചതും ഈ പഠന നാളുകളിലായിരുന്നു. അവിടെ പഠിച്ചതും ധ്യാനവുമായി ബന്ധപ്പെട്ടവയാണ്. ധ്യാനിപ്പിക്കേണ്ട മൂന്നു മേഖലകളിൽ കൂടിയാണ് എന്നെ കർത്താവു വളർത്തി നയിച്ചത്. അവ Healing the Family Tree, Deliverance, Anointing of the Holy Spirit തുടങ്ങിയ മേഖലകളിലാണ് ആഴപ്പെടുവാൻ അവിടെ കൃപ ലഭിച്ചത്. ഇപ്പോൾ ഈ മൂന്നു മേഖലയിലും കർത്താവ് കൂടുതൽ വളർത്തി ശുശ്രൂഷ നയിച്ചു കൊണ്ടുപോകുന്നു. അച്ചൻ ഇന്നും ഒരു കരിസ്മാറ്റിക്കായി മുന്നോട്ടു പോകുന്നു എന്നു മാത്രമല്ല ആയിരങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കുന്നു, ശുശ്രൂഷകരെ വളർത്തിയെടുക്കുന്നു. എങ്ങിനെയാണ് അച്ചന് വർഷങ്ങളായി ഒരു തളർച്ചയുമില്ലാതെ മുന്നോട്ടു പോകുവാൻ സാധിക്കുന്നത്? എത്ര തിരക്കുകൾ ശുശ്രൂഷയിലുണ്ടായാലും രാത്രികളിൽ ഞാൻ ദിവ്യകാരുണ്യ നാഥൻ്റെ കൂടെയിരിക്കും - അതാണ് എൻ്റെ ശക്തി സ്രോതസ്. നല്ലൊരു മാധ്യസ്ഥ പ്രാർത്ഥന ടീം എൻ്റെ കൂടെയുണ്ട്. കൂടാതെ മറ്റുള്ളവരോട് ഞാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ എപ്പോഴും ആവശ്യപ്പെടും. ഒത്തിരി പേർ എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നവരുണ്ട്. അതുപോലെ ധ്യാനിപ്പിക്കുവാൻ പോകുന്ന സ്ഥലങ്ങളിലും രാജ്യങ്ങളിലും ഞാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടും. ഞാൻ ധ്യാനവും ശുശ്രൂഷയമല്ലാത്ത ഒരു മേഖലയിലേക്കും കടന്നുചെല്ലാറില്ല. 24 മണിക്കൂറും ധ്യാനവും പ്രാർത്ഥനയുമല്ലാത്ത ഒരു ലോകം എനിക്കില്ല. എപ്പോഴും ഈശോയുമായി ചേർന്നുനിലക്കുന്നതാണ് എനിക്ക് കരുത്ത് നൽകുന്നത്. വചനപ്രഘോഷണത്തിൻ്റെ ഏറ്റവും നല്ല ഫലം മാനസാന്തരമാണല്ലോ. എത്രത്തോളം മാനസാന്തപ്പെട്ട വ്യക്തികളെ അച്ചന് ശുശ്രൂഷയിൽ കണ്ടുമുട്ടുവാൻ കഴിഞ്ഞിട്ടുണ്ട്’? മാനസാന്തരങ്ങൾക്കും വിടുതലുനിമാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. മാനസാന്തരമുണ്ടായാലേ അതു വിടുതലിലേക്ക് നയിക്കൂ. ശരിയായി ഒരു വ്യക്തി മാനസാന്തരപ്പെടുക എന്നു പറഞ്ഞാൽ പലതും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. പാപ സ്വാധീനം കടന്നു വരുന്ന വേരുകൾ പിഴുതുകളഞ്ഞാലേ ശരിയായ ഒരവസ്ഥയിൽ ഒരു വ്യക്തി എത്തുകയുള്ളൂ. അത് പലപ്പോഴും പാരമ്പര്യത്തിലൂടെയാകാം. ഒരു വ്യക്തി ആ കെട്ടിൽ നിന്നു സ്വതന്ത്രനായാലേ പൂർണ്ണ സ്വാതന്ത്രത്തിൽ എത്തുകയുള്ളൂ. അല്ലെങ്കിൽ വീണ്ടും പാപ സാഹചര്യങ്ങളിൽ വീണു പോകും. അതിനുതകുന്ന ശുശ്രൂഷകളിലൂടെ ആ വ്യക്തിയെ നയിക്കേണ്ടതുണ്ട്. അതിനാണ് ഞാൻ ശ്രദ്ധ കൊടുക്കുന്നത്. എന്നാൽ ചില വ്യക്തികൾക്ക് തമ്പുരാൻ്റെ സ്പർശനം ലഭിക്കുമ്പോൾ തന്നെ ആ വ്യക്തി പൂർണ്ണ മാനസാന്തരിലേക്ക് നയിക്കപ്പെടുന്ന അവസ്ഥയും കണ്ടിട്ടുണ്ട്. മാനസാന്തരം ഒരു വ്യക്തിയെ സൗഖ്യത്തിലേക്ക് നയിക്കും. അങ്ങിനെയുള്ള നൂറുകണക്കിന് സംഭവങ്ങൾ അച്ചൻ്റെ ഓർമ്മയിലുണ്ടല്ലോ. ഏതെങ്കിലുമൊന്ന് ഓർമ്മയിൽ നിന്ന് എടുക്കാമോ? ഗ്രേയ്സി എന്ന ഒരു മകളുടെ സൗഖ്യമാണ് ഓർമ്മയിൽ വരുന്നത്. അമല ആശുപത്രിയിൽ കിടന്നിരുന്ന -കേവലം 5 ദിവസം മാത്രമേ ഇനി ജീവിച്ചിരിക്കുകയുള്ളൂ എന്ന ഒരു ക്യാൻസർ രോഗി. ഗ്രേസിയുടെ സഹോദരിയാണ് ധ്വാനത്തിനു വന്നത്. ധ്യാനത്തിനു വന്നപ്പോൾ സന്ദേശം ലഭിച്ചു - കർത്താവു ഗ്രേയ്സിക്ക് പരിപൂർണ്ണ സൗഖ്യം നൽകുന്നുവെന്ന്. സൗഖ്യം ലഭിച്ച ശ്രേയ്സി പിന്നീട് അഞ്ചു വർഷം കൂടി ജീവിച്ചു. വെറുതെ ജീവിക്കുകയല്ല ധാരാളം പേരെ ഈശോയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. താൻ അനുഭവിച്ച സൗഖ്യം ദായകനെ ഒത്തിരി പേരെ വിശ്വാസത്തിലേക്ക് നയിച്ചു. ഇതാണ് ശരിയായ സൗഖ്യം. ഇങ്ങനെ ശുശ്രുഷ ചെയ്യുന്ന ധാരാളം പേരെ കണ്ടു മുട്ടാനിടയായിട്ടുണ്ട്. മറ്റൊന്ന്: കൽപ്പറ്റയിൽ നിന്ന് 63 വയസുള്ള ഒരു ഫ്രാൻസീസ് ചേട്ടൻ വന്നു. തികഞ്ഞ മദ്യപാനി. 16 വയസിൽ തുടങ്ങിയതാണ്. അത്രയും വർഷം കുമ്പസാരിച്ചിട്ടുമില്ല. എന്നാൽ ഇടവകയിലെ ഗായക സംഘത്തിൽ പാടുകയും ചെയ്യും! ഗാഗുൽത്തായിലെ ധ്യാനത്തിൽ കർത്താവു തൊട്ടു. പിന്നീട് ആ മകൻ ധാരാളം പേരെ ധ്യാനത്തിലേക്ക് കൊണ്ടുവരുന്ന വ്യക്തിയായി മാറി. ശരിയായ മാനസാന്തരം എന്നത് തിന്മയിലേക്ക് നയിക്കുന്ന വേരുകൾ അറുക്കുക എന്നതാണ്. തിന്മയിൽ ജീവിക്കുന്ന വ്യക്തിയുടെ മാത്രം കുറവുകൊണ്ടല്ല അയാൽ വീണു പോകുന്നത്. തലമുറകളിലൂടെ കടന്നു വരുന്ന തിന്മകളും ധാരാളം ഉണ്ട്. ഉദാഹരണമായി: ദാവീദ് രാജാവ് ചെയ്ത അതേ തെറ്റു തന്നെ മക്കളും വീണു പോകുന്നുണ്ട്. അവയിൽനിന്ന് നിന്നും ആ വ്യക്തി സ്വതന്ത്രനായാലേ പൂർണ്ണമായ മാനസാന്തരത്തിലേക്ക് ഉയരാനാകുകയുള്ളൂ. പുതിയ തലമുറക്ക് വചന പ്രഘോഷണങ്ങളോടും പ്രാർത്ഥനയോടൊക്കെ താല്പര്യക്കുറവ് വരുന്നുണ്ടോ? എനിക്കത് തോന്നിയിട്ടില്ല. വിദേശ രാജ്യങ്ങളിലൊക്ക പോകുമ്പോൾ ധാരാളം തീക്ഷ്ണമതികളായ നമ്മുടെ ചെറുപ്പക്കാരെ കണ്ടു മുട്ടാറുണ്ട്. പലപ്പോഴും അവരുടെ തീഷ്ണത എനിക്ക് അത്ഭുതം തോന്നാറുണ്ട്. സമയത്തിൻ്റെയും സമ്പത്തിൻ്റേയുമൊക്കെ ദശാംശം കൊടുക്കുവർ ധാരാളമുണ്ട്. കൂടാതെ എത്ര ജോലി തിരക്കിൻ്റെ ഇടയിലും പ്രാർത്ഥനക്കും online കൂട്ടായ്മയിലും ഒക്കെ നിലനിന്നു പോകുന്നതുമൂലം ഒത്തിരി ആനന്ദം ലഭിക്കുന്നവർ. വിദേശങ്ങളിലുള്ള ചെറുപ്പക്കാരുടെ തീക്ഷ്ണത നാട്ടിൽ തോന്നാറില്ല. അത് സാഹചര്യമായിരിക്കാം. പക്ഷേ യുവജനങ്ങൾ വിശ്വാസത്തിൽ വളരുകയാണ് എന്നതിൽ സംശയമില്ല . പണ്ടെല്ലാം ഈ ദിവസങ്ങളിൽ ദേവാലയങ്ങളിൽ ദിവ്യബലിക്ക് വരുന്ന ചെറുപ്പക്കാർ കുറവായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങിനെയാണോ? ധാരാളം പേർ വി.കുർബ്ബാനയിൽ പങ്കെടുക്കുന്നില്ലേ. അതു തന്നെയല്ലേ അതിൻ്റെ ഉത്തരം. ഇന്ന് സോഷ്യൽ മീഡിയ ജീവിതത്തിൻ്റെ ഒരു ഭാഗമായി മാറി. അച്ചൻ വിവിധ സോഷ്യൽ മീഡിയയിലൂടെ ധാരാളം മുന്നോട്ടു പോകുന്ന വ്യക്തിയാണ്. എങ്ങിനെയാണ് സുവിശേഷവൽക്കരണത്തെ സോഷ്യൽ മീഡിയായിലൂടെ കൂടുതൽ ഉപകാരപ്രദമായി കൊണ്ടുപോകുവാൻ കഴിയുക? പലരും അവ അശ്രദ്ധമായി ഉപയോഗിക്കുന്നതു മൂലം തിന്മയിൽ വീഴുന്നുണ്ടല്ലോ.? ഗാഗുൽത്താ ധ്യാനകേന്ദ്രത്തിനു സ്വന്തമായ TAU എന്ന ഒരു ചാനൽ തന്നെ കർത്താവു തുടങ്ങി. അതിനു വേണ്ടി ഏറ്റവും നവീനമായ രീതിയിൽ റെക്കോർഡിങ് , പ്രക്ഷേപണം തുടങ്ങിയ കാര്യങ്ങൾക്കായി ഒരു സ്റ്റുഡിയോയും ആരംഭിച്ചു. കർത്താവു നോഹയെക്കൊണ്ട് പെട്ടകം പണിയിപ്പിച്ചതു പോലെയാണ് കോവിഡുകാലത്തിനു മുമ്പ് ഈ സ്റ്റുഡിയോയും പണിയിപ്പിച്ചത് എന്നാണ് എനിക്കു തോന്നുന്നത്. മാനുഷികമായി പലരും ഈ ഗ്രാമത്തിൽ ഇതിൻ്റെയൊക്കെ ആവശ്യമുണ്ടോ എന്നു പോലും ചോദിച്ചിരുന്നു. കോവിഡു തുടങ്ങിയപ്പോഴാണ് ഈ കർത്താവു പണിയിപ്പിച്ചതാണ് എന്ന് എല്ലാവർക്കും മനസ്സിലായത്. ദൈവത്തിൻ്റെ ജ്ഞാനം എത്ര അപാരം! ഞാൻ സോഷ്യൽ മീഡിയ എഡിറ്റിംഗും, ഫോട്ടോഷോപ്പ്,ക്യാമറ മുതലായവ ഞാൻ പഠിച്ചിട്ടുണ്ട്. കോവിഡുമൂലം ലോകം നിശ്ചലമായപ്പോഴും സോഷ്യൽ മീഡിയായിലൂടെയാണ് ഞങ്ങൾ 65 രാജ്യങ്ങളിലെ ജനങ്ങൾക്ക് 24 മണിക്കൂറും സുവിശേഷ പ്രഘോഷണം,മദ്ധ്യസ്ഥ പ്രാർത്ഥനകൾ നടത്തി. മൂന്നു ദിവസത്തെ വാരാന്ത്യ ധ്യാനം നടത്തി. കോവിഡെല്ലാം മാറിയപ്പോഴും ഇപ്പോഴും അതെല്ലാം സോഷ്യൽ മീഡിയ വഴി ഇപ്പോഴും പഴയതു പോലെ തുടർന്നുപോകുന്നു. കോവിഡുകാലത്തിനു ശേഷം ലോകം സോഷ്യൽ മീഡിയായിലേക്ക് മാറുന്നതായാണ് നാം കാണുന്നത്. നന്മയായി നാം കാണുമ്പോൾ എല്ലാം നന്മ തന്നെയാണ്. സോഷ്യൽ മീഡിയായാണ് ഏറ്റവും ശക്തമായ സുവിശേഷവൽക്കരണ മാധ്യമം എന്ന തിരിച്ചറിവാണ് എനിക്കുള്ളത്. ലോകം മുഴുവൻ ഒറ്റ വിരൽ തുമ്പിൽ സുവിശേഷമെത്തിക്കുവാൻ സാധിക്കും. ധ്യാനം കൂടിയതിനുശേഷം രോഗീപരിചരണം, വൃദ്ധമന്ദിരങ്ങൾ മുതലായ ശുത്രൂഷയിലേക്ക് തിരിഞ്ഞ ധാരാളം പേരുണ്ടല്ലോ. ഗാഗുൽത്താ ധ്യാനകേന്ദ്രത്തോടുകൂടെ തന്നെ 150 പേരുള്ള FOJ(ഫ്രൻസ് ഓഫ് ജീസസ്) എന്ന സ്ഥാപനത്തിൽ മന്ദബുദ്ധികൾ. വൃദ്ധർ, അനാഥർ മുതലായവരെ സംരക്ഷിക്കുന്നുണ്ടല്ലോ. ഇതേ ക്കുറിച്ച് കൂടുതലായി ഒന്നു പറയാമോ? ധ്യാനം കൂടിയതിനുശേഷം ഇങ്ങനെയുള്ള ശുശ്രുഷയിലേക്ക് തിരിയുന്നവർ ധാരാളമുണ്ട്. ഇതു ഈശോയുടെ ശക്തമായ ഒരു പ്രവർത്തനമാണ്. ധാരാളം പേർ ഈ ശുശ്രൂഷയെക്കുറിച്ച് മനസ്സിലാക്കാൻ വരുന്നുണ്ട്. ഇന്ന് വീടുകളിൽ ഓരോ ചടങ്ങുകൾ നടക്കുമ്പോഴും ഇങ്ങനെ മന്ദിരങ്ങളിൽ താമസിക്കുന്നവരെ ഓർക്കുകയും അവരോപ്പമിരുന്ന് ഭക്ഷണം കഴിക്കുവാനും തയ്യാറായി വരുന്നുണ്ട് എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. വലിയൊരു മനോഭാവമാറ്റം നവീകരണം സൃഷ്ടിച്ചിട്ടുണ്ട്. അന്ത്യവിധി സമയത്ത് ഈശോ ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ്. ശാലോം ടിവിയിൽ അച്ചൻ്റെ ഒരു അഭിമുഖം ഏതാനും നാളുകൾ മുമ്പ് കണ്ടിരുന്നു. ഇറ്റലിയിലേക്കുള്ള യാത്രയിൽ വിമാനം അപകടത്തിൽപെട്ട് - ദൈവം ഇടപെട്ട സംഭവം ഒന്നു പറയാമോ? ഞാൻ എൻ്റെ അടുത്ത ഒരു കുടുംബത്തിൻ്റെ ഒരു ചടത്തിൽ പങ്കെടുക്കുവാൻ ഇറ്റലിയിലേക്ക് പോകുകയായിരുന്നു. ഗോവക്ക് അടുത്ത് വിമാനം ഒരു airpocket ൽ പെട്ട് 30000 അടിയിൽ നിന്ന് താഴേക്ക് 3000 അടിയിലേക്ക് വീഴുകയും വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. ഇനി 9 സെക്കൻ്റുകൾ കൂടിയേ ബാക്കിയുള്ളൂ. ആ സമയത്ത് ഞാൻ ജപമാലയെടുത്ത് എൻ്റെ പൗരോഹിത്യ അധികാരത്തോടുകൂടി ബന്ധിച്ചു പ്രാർത്ഥിച്ചു. ആ നിമിഷം വിമാനത്തിനു നിയന്ത്രണം ലഭിച്ചു. അത് ഒത്തിരി പേരെ ദൈവം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന നിമിഷമായിരുന്നു. ദൈവത്തിനു സ്തുതി. അച്ചനു വായനക്കാർക്ക് ഒരു സന്ദേശം നൽകാമോ? ഏതു ശുശ്രഷയും ഗൌരവത്തോടെ എടുക്കുക. ദൈവത്തോട് ആലോചന ചോദിക്കാതെ ഒരു ശുശ്രൂഷയും ചെയ്യരുത്. നമ്മൾ മാനുഷികമായി നല്ലതെന്ന് കരുതുന്ന പലതും ദൈവം ആഗ്രഹിക്കാത്തതായിരിക്കും. നല്ലത് എന്ന് കരുതി തുടങ്ങിയ പലതും നമ്മുടെ തന്നെ തകർച്ചയായി മാറിയതും അതുകൊണ്ടാണ്. പൂർണ്ണമായി ദൈവത്തോടു ചേർന്നു നില്ക്കുക. ദൈവം നമ്മെ നയിക്കും - നാം ദേശത്തിനു അനുഗ്രഹമായി മാറും. അച്ചന് അറുപതാം പിറന്നാൾ ആശംസകൾ നേരുന്നു.

Showing verified guest comments