ഞാൻ ഒമാനിലെ ബുറൈമിയിൽ ജോലി ചെയ്യുന്ന സമയത്താണ് ദൈവാത്മാവു തന്ന പ്രേരണയനുസരിച്ച് കാറ്റക്കീസം എൻ്റെ വീട്ടിൽ ആരംഭിച്ചത്. UAE യുടെ അലൈൻ പട്ടണത്തിൻ്റെ അതിർത്തിയിലുള്ള ഒമാൻ്റെ കീഴിലുള്ള പ്രദേശമാണ് ബുറൈമി. ബുറൈമിയിൽ താമസിക്കുന്നത് വളരേ വാടക കുറവായതിലാണ്. എന്നാൽ എല്ലാ കാര്യങ്ങൾക്കും പ്രത്യേകിച്ച് സ്കൂൾ, ദേവാലയം ബുറൈമിക്ക് അലൈനെ ആശ്രയിക്കണം. ബുറൈമിയിൽ ദേവാലയമില്ല.നല്ല ബന്ധത്തിലായിരുന്ന ഇരു രാജ്യങ്ങൾ തമ്മിൽ പെട്ടെന്നാണ് ഉരസലിലായത്. ചെക്ക് പോസ്റ്റ് അടച്ചു. അങ്ങിനെയാണ് കാറ്റക്കിസം എൻ്റെ വീട്ടിൽ തുടങ്ങുവാൻ ദൈവാത്മാവു പ്രേരണ നൽകിയത്. ആറു കുട്ടികളായി വിശ്വാസ പരിശീലനം വീട്ടിൽ ആരംഭിച്ചു. പരീക്ഷണമായതിനാൽ നല്ല കുട്ടികകളൊന്നും ആദ്യം വന്നില്ല. ഒരു കുടുംബത്തിലെ രണ്ടു കുട്ടികളും മറ്റൊരു കുടുംബത്തിലെ മൂന്നു കുട്ടികളും. ദൈവാത്മാവ് പ്രവർത്തിച്ചതിനാൽ ആ കുട്ടികൾ അവരവരുടെ വീടുകളിൽ സന്ധ്യാ പ്രാർത്ഥനയും, കുടുംബ പ്രാർത്ഥനയും, വ്യക്തിപരമായ പ്രാർത്ഥനകളും തുടങ്ങി. ഞാൻ താമസിക്കുന്ന ഫ്ലാറ്റിൻ്റെ താഴെ താമസിക്കുന്ന രണ്ടു കുട്ടികളുടെ കുടുംബം ഗഹനാഥൻ്റെ ജോലി നഷ്ടപ്പെട്ടു കുറേ നാളായി ഫ്ലാറ്റിൻ്റെ വാടക പോലും നൽകാം സാധിക്കാതെ വലിയ ദുരിതത്തിലായിരുന്നു. പ്രാർത്ഥനകൾ ആരംഭിച്ച ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതീക്ഷിച്ചതിനേക്കാൾ നല്ലൊരു ജോലി ലഭിച്ചു ! മൂന്നു കുട്ടികളുള്ള കുടുംബം ഭാര്യയും ഭർത്താവും തമ്മിൽ പിരിയുവാനുള്ള തീരമാനമെടുത്തിരുന്നതിനാൽ നാളുകളായി വീട് ആകെ തകർന്ന അവസ്ഥയിലായിരുന്നു. ഈ പ്രാർത്ഥനയിൽ സംബന്ധിക്കുവാൻ തുടങ്ങിയതോടുകൂടി ദൈവം അവരുടെ ജീവിതത്തിൽ ഇടപെട്ടു - വീണ്ടും സ്നേഹമുള്ള കുടുംബമായി മാറി. കുട്ടികളുടെ സ്വഭാവത്തിൽ വലിയ ശാന്തത വന്നു.ഈ രണ്ടു സംഭവങ്ങളും മറ്റുള്ളവർ അറിയുകയും ധാരാളം പേർ കാറ്റക്കീസത്തിനായി കുഞ്ഞുങ്ങളെ കൊണ്ടു വരികയും ചെയ്തു. ഇന്ന് എല്ലാ വെള്ളിയാഴ്ച്ചകളിലും വി. കുർബ്ബാനയും , മറ്റു കൂദാശകളും, വിശ്വാസപരിശീലനവുമൊക്കെ ഉള്ള ഒരു സ്ഥലമായി ബുറൈമിയെ ദൈവം ഉയർത്തി. വിശ്വാസ പരിശീലനത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നത് ഞങ്ങളെ ദൈവം പഠിപ്പിക്കുകയായിരുന്നു. ദൈവം ആഗ്രഹിച്ചാൽ നാം ശാന്തരായി നിന്നു കൊടുത്താൽ മതി. ദൈവം എല്ലാം ക്രമീകരിക്കും. നിങ്ങൾ ശാന്തരായിരുന്നാൽ മതി. കർത്താവു നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങൾ ശാന്തരായിരുന്നാൽ മതി (പുറ 14:14) കഴിഞ്ഞ മതപഠന അധ്യയന വർഷത്തിൽ രൂപതയിലെ വിശ്വാസപരിശീലന ടീം വിസിറ്റിൻ്റെ ടീമിൽ ഞാനും ഒരംഗമായിരുന്നു. പല ഇടവകളിലും സന്ദർശിക്കുവാനുള്ള അവസരമുണ്ടായി. പലതും വളരെ പുതിയ ഒരനുഭവമായിരുന്നു. ഒരു ഇടവകയിൽ ചെന്നപ്പോഴുണ്ടായ ഒരനുഭവം എന്നെ ശരിക്കും സ്പർശിച്ചു. വലിയൊരു ഇടവക. ഒരു ക്ലാസിൽ ചെന്ന് എന്നെ പരിചയപ്പെടുത്തിയതിനു ശേഷം ചോദിച്ചു: ആർക്കെല്ലാം സ്വയം പ്രേരിത പ്രാർത്ഥന ചൊല്ലാനറിയാം? ക്ലാസിലെ കുട്ടികളെല്ലാം കൈകൾ ഉയർത്തി. ഞാൻ ഏതാനും കുട്ടികളെക്കൊണ്ട് പ്രാർത്ഥിപ്പിച്ചു. കുട്ടികളെല്ലാ സ്വയം പ്രേരിത പ്രാർത്ഥന മനോഹരമായി ചൊല്ലുന്നു. വലിയ അഭിഷേകത്തോടെയുള്ള പ്രാർത്ഥന! ഞാൻ ടീച്ചറോടു ചോദിച്ചു - ഇതെങ്ങിനെ സാധിക്കുന്നു എന്ന് ? ടീച്ചർ പറഞ്ഞു ഏതാനും നാളുകളെടുത്തു ഈ ഒരവസ്ഥയിലേക്കെത്തുവാൻ. ഈ സ്കൂളിൽ ഇടവക പ്രാർത്ഥനാഗ്രൂപ്പിൽ സജീവമായ ഒരു ടീച്ചറുണ്ട്. ടീച്ചർ കാറ്റക്കിസം ക്ലാസിൽ പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളേയും പ്രാർത്ഥിപ്പിക്കുവാൻ പഠിപ്പിച്ചു തുടങ്ങി. ആഴ്ച്ചയിൽ ഒരു ദിവസം online ആയി ക്ലാസിലെ കുട്ടികളെല്ലാം പങ്കെടുക്കുവാനാരംഭിച്ചു. ഒരുമിച്ചു കൂടി പ്രാർത്ഥിക്കുവാൻ തുടങ്ങിയപ്പോൾ ദൈവാത്മാവ് അവരിൽ ശക്തമായി പ്രവർത്തിക്കുവാൻ ആരംഭിച്ചു. ഭാരപ്പെട്ടിരുന്ന വ്യക്തിപരമായ കാര്യങ്ങളിലും അവർക്ക് ഉത്തരവും ശാന്തതയും ലഭിക്കുവാൻ തുടങ്ങി. ഏതാനും ദിവസം കുട്ടികൾ ഇങ്ങനെ പ്രാർത്ഥിക്കുന്നത് മാതാപിതാക്കളുടേയും ശ്രദ്ധയിൽ പെട്ടു. അവരും മക്കളുടെ കൂടെ നിശബ്ദരായി പങ്കെടുക്കുവാനാരംഭിച്ചു. ഇത് പതുക്കെ മറ്റു ക്ലാസുകളിലേക്ക് പടർന്നു. അവിടേയും ഒരുമിച്ചു പ്രാർത്ഥിക്കുന്ന വിദ്യാർത്ഥികളുടേയും മാതാപിതാക്കന്മാരുടേയും online കൂട്ടായ്മകൾ ശക്തിപ്പെട്ടു. ഈ കൂട്ടായ്മകൾ ഇടവകയെ ആത്മീയമായി ഉണർവ്വുള്ളതാക്കി. വിശ്വാസപരിശീലനം പ്രാർത്ഥനയും അഭിഷേകമുള്ളതായി ഇന്നും മുന്നോട്ടു പോകുന്നു . ദൈവാത്മാവിൻ്റെ പ്രേരണയാൽ നയിക്കപ്പെടുമ്പോഴാണ് നാം ദൈവമക്കളാകുക. ദൈവം ആഗ്രഹിക്കുന്നത് തിരിച്ചറിയുവാൻ കഴിയുക എന്നതാണ് വിശ്വാസപരിശീലന രംഗത്തുള്ളവർ ശ്രദ്ധ കൊടുക്കേണ്ടത്. സിലബസും പ്രോഗ്രാമുകളേക്കാൾ കുട്ടികളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുക. അതുമാത്രമാത്രമാണ് കുട്ടികൾക്ക് അവരുടെ ജീവിതത്തിൽ ഉപകരിക്കുക. വ്യക്തിപരമായി പ്രാർത്ഥിക്കുവാൻ അധ്യാപകർ കൂടുതൽ സമയം കണ്ടെത്തണം. ദൈവാത്മാവിൻ്റെ പ്രേരണകൾ തിരിച്ചറിയുന്ന അധ്യാപകരെയാണ് ഇന്ന് സഭക്ക് അത്യന്താപേക്ഷിതമായിരിക്കുന്നത് . സാധാരണ സ്കൂൾ ശൈലിയിൽ നിന്നും നമ്മുടെ വിശ്വാസ പരിശീലനം മാറണം. ഇങ്ങനെ വിശ്വാസപരിശീലനം മാറുമ്പോൾ ധാരാളം ദൈവവിളികൾ സഭയിൽ ഉണ്ടാകും. കരിസ്മാറ്റിക് നവീകരണ രംഗത്തുള്ള നിരവധി പേർ ഇന്ന് വിശ്വാസ പരിശീലന രംഗത്തുണ്ട് എന്നത് വളരേ അഭിനന്ദാർഹമാണ്. ദൈവത്തിന് എല്ലാം സാധ്യമാണ് (മർക്കോസ് 10:27) എന്ന ഉറച്ച വിശ്വാസത്തിൽ നമുക്ക് മുന്നോട്ടു പോകാം. ദൈവാത്മാവിൻ്റെ പ്രവർത്തനത്തിനു വിശ്വാസ പരിശീലന രംഗം മാറുവാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം (കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിൻ്റെ മുഖപത്രമായ ജീവ ജ്വാല മാസികയിൽ - 2026 ഏപ്രിലിൽ പ്രസിദ്ധീകരിച്ചത്)

Showing verified guest comments